India, Kerala, News

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹ‌ര്‍ജി സമര്‍പ്പിച്ചു

keralanews govt of kerala files suit in supreme court against ctizenship amendment bill

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹ‌ര്‍ജി സമര്‍പ്പിച്ചു.നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍‌ സി.എ.എക്കെതിരെ കോടതിയെ സമീപിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോഴും ഒരു സംസ്ഥാനവും ഇതിനെതിരെ നിയമപരമായി രംഗത്ത് വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ജി പ്രകാശ് മുഖേനെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.ഭരണഘടനയുടെ 132ആം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണിത്.ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്ന 14ആം അനുച്ഛേദത്തിന്റെ ലംഘനമാണ് പൗത്വ ഭേദഗതി നിയമം, നിയമത്തിലൂടെ മുസ്ലീം ജനവിഭാഗങ്ങളോട് മതപരമായ വിവേചനം സാധ്യമാവുമെന്നും ഹ‌ര്‍ജിയില്‍ പറയുന്നു.പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ നിയമ വിദഗ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഹര്‍ജി ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി രജിസ്ട്രിയില്‍ ഫയല്‍ ചെയ്തത്. തുടര്‍ന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകള്‍ നീക്കി ഹര്‍ജിക്ക് നമ്പർ നല്‍കിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. ആർ.എസ്.എസിന്റെ അജണ്ട നടപ്പിലാക്കാനല്ല കേരളത്തിലെ സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ല. ഇവിടെ ഒരാളും ജനന സർട്ടിഫിക്കറ്റും തേടി പോവേണ്ടതില്ലെന്നും പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Previous ArticleNext Article