തിരുവനന്തപുരം:രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് സീസണിലെ ആദ്യ ജയം. 21 റണ്‍സിനാണ് കേരളം പഞ്ചാബിനെ തോല്‍പ്പിച്ചത്. 146 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് 124 റണ്‍സിന് എല്ലാവരും പുറത്തായി.ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് തുടക്കത്തില്‍ ചുവട് പിഴച്ചു. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി.പിന്നീടങ്ങോട്ട് സച്ചിന്‍ ബേബിയും റോബിന്‍ ഉത്തപ്പയും കടുത്ത പ്രതിരോധം ഉയര്‍ത്തി.എന്നാല്‍ 53 പന്തില്‍ നിന്ന് 48 റണ്‍സുമായി ഉത്തപ്പ വീണതോടെ തൊട്ടുപിന്നാലെ തന്നെ സച്ചിനും മടങ്ങി. 45 പന്ത് നേരിട്ട സച്ചിന്‍ 9 റണ്‍സായിരുന്നു നേടിയത്.പിന്നീട് കേരളത്തിന്റെ രക്ഷകനാകുകയായിരുന്നു സല്‍മാന്‍ നിസാര്‍. വിഷ്ണു വിനോദിനെയും കൂട്ടുപിടിച്ച് സല്‍മാന്‍ പഞ്ചാബ് ബോളര്‍മാരെ വട്ടംകറക്കി. 20 റണ്‍സുമായി വിഷ്ണുവും കളംവിട്ടതോടെ ടീമിന്റെ മൊത്തം ഭാരവും സല്‍മാനിലേക്കെത്തി.ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ പരമാവധി റണ്‍സ് നേടുക എന്നതായി സല്‍മാന്റെ ലക്ഷ്യം. ഒടുവില്‍ ടീം ഓള്‍ ഔട്ടാകുമ്പോള്‍ 157 പന്തില്‍ നിന്ന് 91 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു സല്‍മാന്‍. 227 റണ്‍സായിരുന്നു കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍.മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ്, നായകന്‍ മന്ദീപ് സിങിന്റെ ചുമലിലേറിയാണ് കുതിച്ചത്. തുടക്കം കുറച്ച് പാളിയെങ്കിലും പ്രതിരോധത്തിലൂന്നി ആയിരുന്നു പഞ്ചാബിന്റെയും കളി. സ്കോര്‍ ബോര്‍ഡിലേക്ക് 99 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ആറു വിക്കറ്റ് നഷ്ടമായെങ്കിലും മന്ദീപ് ക്രീസില്‍ പിടിച്ചുനിന്നു. ഒരറ്റത്ത് വിക്കറ്റ് കൊഴിഞ്ഞുകൊണ്ടിരുന്നപ്പോഴും മന്ദീപിലായിരുന്നു പഞ്ചാബിന്റെ പ്രതീക്ഷ. എന്നാല്‍ 218 റണ്‍സ് എടുക്കുമ്പോഴേക്കും പഞ്ചാബിന്റെ ഒന്നാം ഇന്നിങ്സിന് തിരശീല വീണു. 143 പന്തില്‍ നിന്ന് 71 റണ്‍സ് എടുത്ത് ഔട്ടാകാതെ നില്‍ക്കുകയായിരുന്നു മന്ദീപ്. കേവലം 9 റണ്‍സ് മാത്രമായിരുന്നു കേരളത്തിന്റെ ലീഡ്. രണ്ടാം ഇന്നിങ്സിനിറങ്ങിയ കേരളത്തിന് തൊട്ടതെല്ലാം പിഴച്ചു. ഉത്തപ്പ റണ്‍സൊന്നും നേടാതെ പുറത്തായത് തിരിച്ചടിയായി. സച്ചിന്‍ ബേബിയും 10 റണ്‍സുമായി കളംവിട്ടു. രണ്ടാം ഇന്നിങ്സിലും 28 റണ്‍സുമായി ഔട്ടാകാതെ നിന്ന സല്‍മാന്‍ തന്നെയായിരുന്നു ടോപ് സ്കോറര്‍. 136 റണ്‍സിനാണ് കേരളം രണ്ടാം ഇന്നിങ്സ് അവസാനിപ്പിച്ചത്. വിജയലക്ഷ്യമായ 146 റണ്‍സിലേക്ക് ബാറ്റ് വീശിയ പഞ്ചാബ് ഏറെക്കുറെ വിജയം ഉറപ്പിച്ചായിരുന്നു ക്രീസിലേക്ക് എത്തിയത്. എന്നാല്‍ 146 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിനെ കേരള സ്പിന്നര്‍മാരായ ജലജ് സക്സേനയും സിജോമോന്‍ ജോസഫും ചേര്‍ന്ന് വട്ടം കറക്കുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ 55/5 എന്ന നിലയിലായിരുന്ന പഞ്ചാബ് പൊരുതി നോക്കിയെങ്കിലും 21 റണ്‍സ് അകലെ വരെ എത്തുവാനെ പഞ്ചാബിന് സാധിച്ചുള്ളു.