ന്യൂഡൽഹി:നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.ദ്യശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്നതു വരെ വിസ്താരം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സാക്ഷികളെ ഈ മാസം 30 മുതല്‍ വിസ്തരിക്കാനിരിക്കെയാണ് ദിലീപിന്‍റെ പുതിയ നീക്കം. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.പരിശോധന ഫലം വരുന്നതിന് മുൻപ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാകും അതെന്നും ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി.നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ പ്രധാന തെളിവായ വിഡിയോ ദൃശ്യങ്ങള്‍ കണ്ട ശേഷം പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ വിചാരണ ഈ മാസം 29നാണ് ആരംഭിക്കുക.