തിരുവനന്തപുരം:സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയാല്‍ കേസെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ക്കതെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളോടും സംഘടനകളോടും മൃദുസമീപനം വേണ്ടെന്നാണ് നിര്‍ദ്ദേശം.പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു.എന്നാൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയ പ്രക്ഷോഭപരിപാടികളിൽ കേസൊന്നുമുണ്ടായില്ല.ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നിർദേശവുമായി ഡി.ജി.പി രംഗത്തെത്തിയിരിക്കുന്നത്.സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍, ശബ്ദ മലിനീകരണം, ഗതാഗത തടസം എന്നീ വകുപ്പുകള്‍ ചേര്‍ത്താകും പ്രതിഷേധകര്‍ക്കെതിരെ നടപടി സ്വീകരിക്കുക. എല്ലാ പോലീസ് സ്റ്റേഷനുകളുകളിലേക്കും ജില്ലാ പോലീസ് മേധാവികള്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നും ആര്‍എസ്‌എസിന്‍റെ ഒരു ഭീഷണിയും കേരളത്തില്‍ ചെലവാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴാണ് പ്രക്ഷോഭങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചിരിക്കുന്നത്.ഇത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമല്ല.