Kerala, News

ഫ്ലാറ്റുകളെല്ലാം പൊളിച്ചു നീക്കി;സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകും

keralanews all flats were demolished govt will submit report in supreme court

തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ നിര്‍മ്മിച്ച അനധികൃത ഫ്ലാറ്റ് സമുച്ചയങ്ങളെല്ലാം പൊളിച്ച്‌ നീക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.കൂടാതെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളുടെ റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കും.ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കിയ സാഹചര്യത്തില്‍ തുടര്‍ നടപടികളിന്മേല്‍ കോടതി ഇന്ന് വാദം കേള്‍ക്കും.ഫ്ലാറ്റ് ഉടമകളുടെ നഷ്ടപരിഹാരത്തിന്‍റെ കാര്യത്തിലായിരിക്കും പ്രധാനമായും ഇന്ന് വാദം നടക്കുന്നത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് നഷ്ടപരിഹാര സമിതി കോടതിയെ അറിയിക്കും.നഷ്ടപരിഹാരത്തിന്‍റെയും അന്വേഷണത്തിന്‍റെയും കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ വാദവും കോടതി ഇന്ന് കേള്‍ക്കും. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ്.മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8 നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.എന്നാല്‍ മരട് ഫ്ലാറ്റ് കേസില്‍ വിധി നടപ്പാക്കുന്ന കാര്യത്തില്‍ കാലതാമസം വരുത്തിയ സംസ്ഥാന സര്‍ക്കാരിനെ സൂപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.തുടര്‍ന്നാണ് കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വേഗത വന്നത്.തുടർന്ന് ഫ്ലാറ്റുകള്‍ എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി സത്യവാങ്മൂലം നല്‍കുകയും ചെയ്തു.ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജനുവരി 11,12 തീയതികളില്‍ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തീരുമാനിച്ചത്. മരടിലെ നാല് ഫ്ലാറ്റുകളും വിജയകരമായി സ്‌ഫോടനത്തിലൂടെ തകര്‍ത്തു.ഇതിന്‍റെ റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിക്കുന്നത്.

Previous ArticleNext Article