Kerala, News

കൂടത്തായി കൊലപാതകം പ്രമേയമാക്കിയുള്ള സിനിമയും സീരിയലുകളും;ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള നിര്‍മാതാക്കള്‍ക്കും സ്വകാര്യ ചാനലിനും താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു

keralanews thamarasseri munssif court sent notice to producers of serials and cinemas based on koodathayi murder case

കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ഇതിവൃത്തമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും നിര്‍മ്മാതാക്കള്‍ക്ക് താമരശേരി മുന്‍സിഫ് കോടതി നോട്ടിസ് അയച്ചു. കൂടത്തായ് കേസിലെ മുഖ്യപ്രതിയായ ജോളി തോമസിന്റെ മക്കളായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഫിര്‍ദൗസ് മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍.ഇതനുസരിച്ച്‌ ആശീര്‍വാദ് സിനിമാസ് ഉടമ ആന്റണി പെരുമ്ബാവൂര്‍, വാമോസ് പ്രൊഡക്ഷന്‍സ് ഉടമ ഡിനി ഡാനിയല്‍, ഫ്ളവേഴ്‌സ് ടിവി തുടങ്ങിയ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.ജനുവരി 13ന് ആന്‍റണി പെരുമ്പാവൂർ അടക്കമുള്ള നിര്‍മാതാക്കള്‍ കോടതിയില്‍ ഹാജരാകണം. ഇതിനകം തന്നെ മുഖ്യ പ്രതി ജോളിയുടെ മക്കളും വിദ്യാര്‍ത്ഥികളുമായ റെമോ റോയ്, റെനോള്‍ഡ് റോയ് എന്നിവര്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോവുകയാണെന്നും, ഇതേ സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോൾ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമർപ്പിച്ചതെന്ന് റോയ് തോമസിന്റെ സഹോദരി രെന്‍ജി വില്‍സണ്‍ പറഞ്ഞു.മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂർ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു.ഒപ്പം മലാളത്തിലെ സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര അടുത്ത തിങ്കളാഴ്ച ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.

Previous ArticleNext Article