കണ്ണൂർ:ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ട്.ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായിക് അറിയിച്ചു. വായുവിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്.പനി,ശരീരവേദന, കഠിനമായ ക്ഷീണം,നടുവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.പിന്നീട് ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു.ആരംഭഘട്ടത്തിൽ തന്നെ ആന്റി വൈറൽ മരുന്നുകൾ ഉപയോഗിക്കുന്നത് രോഗം പെട്ടെന്ന് ഭേദമാക്കാൻ സഹായിക്കും.ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന കുമിളകൾ പൊട്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സ്വരീരം വൃത്തിയായി സൂക്ഷിക്കുന്നതും നഖം വെട്ടി വൃത്തിയാക്കുന്നതും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുന്നതും രോഗം ഭേദമാക്കാൻ സഹായിക്കും.രോഗിക്ക് ഏതാഹാരവും കഴിക്കാം. ധാരാളം വെള്ളം കുടിക്കുന്നതും വായുസഞ്ചാരമുള്ള മുറിയിൽ കിടക്കുന്നതും ഗുണകരമാണ്. രോഗി മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം.രോഗാരംഭത്തിനു മുൻപുള്ള ദിവസങ്ങളിലും രോഗത്തിന്റെ ആരംഭ ഘട്ടങ്ങളിലുമാണ് രോഗം പകരാൻ കൂടുതൽ സാധ്യതയുള്ളത്.കുട്ടികളിൽ നിസ്സാരമായി മാറിപ്പോകുന്ന ഈ രോഗം മുതിർന്നവരിൽ ഗൗരവതരമാകാനും മരണപ്പെടാനും ഉള്ള സാധ്യതയുള്ളതിനാൽ സ്വയം ചികിത്സ നടത്താതെ ഡോക്റ്ററുടെ സേവനം തേടണം.ചിക്കൻപോക്‌സിനെതിരെയുള്ള മരുന്നുകൾ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും ഡിഎംഒ അറിയിച്ചു.
Health, Kerala
ജില്ലയിൽ ചിക്കൻപോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ട്;ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
Previous Articleജില്ലയിൽ പണിമുടക്ക് പൂർണ്ണം;പലയിടത്തും വാഹനങ്ങൾ തടഞ്ഞു