ബാഗ്ദാദ്:ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം.ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമാണ് ആക്രമണമെന്ന് ഇറാന്‍ പ്രതികരിച്ചു. ആക്രമണം നടന്നതായി അമേരിക്കയും സ്ഥിരീകരിച്ചു.ഇന്ത്യൻ സമയം പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക താവളങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.12ഓളം ബാലസ്റ്റിക് മിസൈലുകളാണ് യുഎസ് സൈനികതാവളങ്ങൾ ലക്ഷ്യം വെച്ച് ഇറാൻ വിക്ഷേപിച്ചത്.ആക്രമണത്തിൽ ആളപായം ഉണ്ടായതായോ എത്രത്തോളം നാശനഷ്ടം ഉണ്ടായെന്നോ വ്യക്തമല്ല.ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിന് മറുപടിയായി യു.എസ് സൈന്യത്തെയും പെന്റഗണിനെയും തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചുള്ള പ്രമേയം ഇന്നലെ ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തലയ്ക്ക് ഇറാനിൽ കഴിഞ്ഞ ദിവസം എട്ടു കോടി ഡോളർ (ഏകദേശം 576 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഖാസിം സുലൈമാനിയുടെ ഖബറടക്കം നടന്നതിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഇറാന്റെ ആക്രമണത്തോടെ മേഖലയിൽ സംഘർഷ സാധ്യതയേറി.