India, Kerala, News

തൊഴിലാളി യൂണിയൻ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു

keralanews national strike announced by trade unions started

തിരുവനന്തപുരം:തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ആരംഭിച്ചു.ചൊവ്വാഴ്ച അര്‍ധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്.അവശ്യ സര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദ സഞ്ചാരമേഖല, ശബരിമല തീര്‍ത്ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തില്ല. പണിമുടക്കിനെ തുടര്‍ന്ന് പരീക്ഷകള്‍ എല്ലാം മാറ്റിവെച്ചിട്ടുണ്ട്. തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. അതേസമയം പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Previous ArticleNext Article