പാലാ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് ലോറിയിലും സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു.ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് പാലാ-തൊടുപുഴ ഹൈവേയില്‍ പ്രവിത്താനം അല്ലപ്പാറ കുരിശുപള്ളിക്ക് സമീപത്തുവെച്ചായിരുന്നു അപകടം.ആന്ധ്രയിലെ അനന്തപൂര്‍ ജില്ലയിലെ റായ്ദുര്‍ഗ് സ്വദേശികളായ തീര്‍ഥാടകര്‍ സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ലോട്ടറി വില്‍പ്പനക്കാരനായ കടനാട് കല്ലറയ്ക്കല്‍താഴെ ചന്ദ്രന്‍ (ജോസ്-50), ജീപ്പില്‍ സഞ്ചരിച്ചിരുന്ന ശബരിമല തിര്‍ഥാടകന്‍ ജിന്‍ഡേ രാജു (40) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനുള്ള കാരണം.തൊടുപുഴ ഭാഗത്തുനിന്ന് എത്തിയ ജീപ്പ് നിയന്ത്രണം വിട്ട് വഴിയരികില്‍ ജിപ്‌സം ഗോഡൗണില്‍ ലോഡ് ഇറക്കുകയായിരുന്ന ലോറിയില്‍ ഇടിച്ചശേഷം സമീപത്തുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ ചന്ദ്രന്റെ മുച്ചക്ര സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറും ജീപ്പും പൂര്‍ണമായി തകര്‍ന്നു.ജീപ്പിന്റെ ഡ്രൈവര്‍ ചിത്രദുര്‍ഗ സ്വദേശിയായ അരുണിനെ സംഭവശേഷം സ്ഥലത്തുനിന്ന് കാണാതായി. ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു . ജീപ്പ് വെട്ടിപ്പൊളിച്ചാണ് തീര്‍ഥാടകരെ പുറത്തെടുത്തത്.