തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയെയും കുഞ്ഞിനെയും കാറിടിച്ച് വീഴ്ത്തിയശേഷം വഴിയിലുപേക്ഷിച്ചയാള്‍ അറസ്റ്റില്‍.അപകടം നടന്ന് ഒരാഴ്ചയായിട്ടും പ്രതിയെ പിടിക്കാത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് കൊട്ടാരക്കര സ്വദേശി സജി മാത്യുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും ബാലാവകാശകമ്മീഷനും ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ചെമ്പഴന്തി സ്വദേശിയായ രേഷ്മയ്ക്കും രണ്ടര വയസുകാരന് ആരുഷിനും നേര്‍ക്കാണ് കൊട്ടാരക്കര സദാനന്ദപുരം സ്വദേശി സജി മാത്യു ക്രൂരത കാട്ടിയത്. 28ന് വൈകിട്ട് സ്കൂട്ടറില്‍ സഞ്ചരിച്ച രേഷ്മയും മകനും സജിയുടെ കാറിടിച്ച് റോഡില്‍ വീണു. കുട്ടിയുടെ മുഖത്തടക്കം പരുക്കേറ്റ് രക്തമൊലിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ സജി തയാറായില്ല. റോഡിലുണ്ടായിരുന്നവര്‍ തടഞ്ഞ് ബഹളം വച്ചതോടെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ കാറില്‍ കയറ്റി. ഇവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചേ തീരൂ എന്ന് യുവാക്കള്‍ കാറിലുണ്ടായിരുന്ന സജി മാത്യുവിനോട് നിര്‍ബന്ധിച്ചു.ഈ നിര്‍ബന്ധം മൂലം സജി മാത്യു ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാൻ തയ്യാറായി.എന്നാല്‍ പോകുന്നതിനിടെ, വഴിയ്ക്ക് വച്ച് കുഞ്ഞിനെയും എടുത്ത് ഇരിക്കുകയായിരുന്ന യുവതിയോട് ‘ഇത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റൂ, വേണമെങ്കില്‍ ഇപ്പോള്‍ ഇവിടെ ഇറങ്ങിക്കോളാ’ന് സജി മാത്യു പറയുകയായിരുന്നു. വേറെ നിവൃത്തിയില്ലാതെ യുവതി ഇവിടെ ഇറങ്ങി.ഒരു ഓട്ടോയില്‍ കയറി കിംസ് ആശുപത്രിയില്‍ പോകുകയായിരുന്നു.സജി മാത്യുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യുവതിയ്ക്കോ കുടുംബത്തിനോ അറിയില്ലായിരുന്നു. പക്ഷേ കാര്‍ നമ്പർ നോട്ട് ചെയ്ത് വച്ചിരുന്നു. ഇതടക്കം ചേര്‍ത്ത് ശ്രീകാര്യം പൊലീസില്‍ യുവതിയും ഭര്‍ത്താവും പരാതി നൽകുകയായിരുന്നു.