ഇറാഖ്:ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന് ചാര തലവനടക്കമുള്ള ഏഴു സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്.പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന് പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ആക്രമണം നടത്തിയ വിവരം അമേരിക്ക സ്ഥിരീകരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാഖിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് പത്രകുറിപ്പിലൂടെ അറിയിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്.ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.ഇതോടെ യുഎസ്-ഇറാന്-ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക.പ്രതികാരം ചെയ്യുമെന്ന് ഇറാന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പ്രതികരിച്ചു.