India, Kerala, News

റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ

keralanews centre avoids keralas float for republic day parade

ന്യൂഡൽഹി:റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും ഇത്തവണയും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ. നേരത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച്‌ വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്.കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു ദൃശ്യത്തിന്റെ പ്രമേയം.കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. ധനസഹായം ലഭ്യമാക്കുന്ന കന്യാശ്രീ പദ്ധതിയുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന സബുജ് സാഥി, ജലസംരക്ഷണത്തിനുള്ള ജോല്‍ ധോരോ ജോല്‍ ഭോരോ പദ്ധതിയുമാണ് ടാബ്ലോയ്ക്കായി ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.

അതേസമയം ഫ്‌ളോട്ടുകള്‍ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്നണികള്‍ ആരോപിച്ചു.പൗരത്വനിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപി.യുമായി ഇടഞ്ഞാണ് ശിവസേന സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാൽ റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാംഘട്ടത്തില്‍ തന്നെ പുറത്തായി.ജനുവരി 26-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.

Previous ArticleNext Article