Kerala, News

കൂടത്തായി കൊലപാതക പരമ്പര; ആദ്യകുറ്റപത്രം തയ്യാറായി

keralanews koodathyi serial murder first chargesheet ready

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര കേസിലെ ആദ്യകുറ്റപത്രം തയ്യാറായി.പ്രധാന പ്രതി ജോളി ജോസഫിന്റെ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇരുന്നൂറിലധികം സാക്ഷികളും മുന്നൂറോളം രേഖകളും നാല് പ്രതികളുമാണ് കേസിലുള്ളത്.കുറ്റപത്രം ഇന്നോ നാളയോ താമരശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.റോയ് തോമസിനെ കൊലപ്പെടുത്തിയ കേസിൽ ജോളി അറസ്റ്റിലായിട്ട് ജനുവരി 2-ന് 90 ദിവസം തികയും.90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം കിട്ടാനാണ് സാധ്യത. ഇത് കണക്കിലെടുത്താണ് ഇന്നോ നാളയൊ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. കൂടത്തായി കൊലപാതക പരമ്പരകേസിൽ ഏറ്റവും ശക്തമായ തെളിവുള്ള കേസാണ് റോയ് തോമസിന്റെ കൊലപാതകം.പോസ്റ്റ്മാർട്ടം റിപ്പോർട്ടിലും കെമിക്കൽ അനാലിസിസ് റിപ്പോർട്ടിലും സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡിന്റെ ബാക്കി കൂടി കണ്ടെടുത്തതോടെ അന്വേഷണ സംഘം ആത്മവിശ്വാസത്തിലാണ്.കൊലക്ക് കാരണമായ വ്യാജ ഒസിയത്തും കേസിലെ പ്രധാന തെളിവാണ്. ജോളി ഒന്നാം പ്രതിയും സയനൈഡ് എത്തിച്ച് നൽകിയ എം.എസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജികുമാർ, വ്യാജ ഒസിയത്ത് തയ്യാറാക്കാൻ സഹായിച്ച സി.പി.എം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറിയായിരുന്ന കെ മനോജ് എന്നിവരാണ് മൂന്നും, നാലും പ്രതികൾ. കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ ഹരിദാസന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.

Previous ArticleNext Article