India, News

ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമി അന്തരിച്ചു

keralanews vishwesha theertha swami seer of udupi pejavara mutt passes away

ബെംഗളൂരു:ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ്വര തീര്‍ത്ഥ സ്വാമി(88) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു വിശ്വേശ്വര തീര്‍ത്ഥയെ, ശ്വാസതടസ്സം അടക്കമുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഈ മാസം 20 നാണ് മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രോഗം കലശലായതോടെ, വിശ്വശ്വര തീര്‍ത്ഥ സ്വാമിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ശനിയാഴ്ച സ്വാമിയുടെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ആശുപത്രിയിലെത്തി സ്വാമിയെ സന്ദര്‍ശിച്ചു.ആശുപത്രിയില്‍ നിന്ന് സ്വാമിയെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം മഠത്തിലേക്ക് മാറ്റാന്‍ മഠം അധികൃതരും പണ്ഡിറ്റുമാരും ചേര്‍ന്ന് തീരുമാനിച്ചു.ഇതനുസരിച്ച്‌ ഞായറാഴ്ച പുലര്‍ച്ചെ കെ.എം.സി ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഉടുപ്പി ശ്രീകൃഷ്ണ മഠത്തിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് സമാധിയായത്. സ്വാമിയുടെ രോഗമുക്തിക്കായി ഇന്ന് ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ പ്രതേക പ്രാര്‍ത്ഥന ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഉഡുപ്പി അജ്ജാര്‍ക്കാട് മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം ബംഗളൂരുവില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആത്മീയരംഗത്തിന് പുറമെ, സാമൂഹ്യസേവന രംഗത്തും, വിദ്യാഭ്യാസ രംഗത്തും വിശ്വശ്വര തീര്‍ത്ഥ സ്വാമിയുടെ സംഭാവനകള്‍ പ്രശസ്തമാണ്. രാമജന്മഭൂമി മൂവ്‌മെന്റിലും സ്വാമി നിര്‍ണായകപങ്കു വഹിച്ചിട്ടുണ്ട്.

Previous ArticleNext Article