കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം.കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. തുടര്‍ന്ന് യദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വടികൊണ്ടടിച്ചു.ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തതോടെ ഇവര്‍ കൈയിലിരുന്ന വടികൊണ്ട് വാഹനത്തെ തല്ലുകയായിരുന്നു.കര്‍ണാടക മുഖ്യമന്ത്രിക്ക് കേരളത്തില്‍ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണമുണ്ട്. ഡിവൈഎഫ്‌ഐയുടെ കൊടികെട്ടിയ വലിയ വടികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. അക്രമ സാധ്യതയുണ്ടായിട്ടും കേരള പോലീസ് ആവശ്യമായ സുരക്ഷ ഒരുക്കിയില്ലന്ന് ബിജെപി പറഞ്ഞു. വന്‍ സുരക്ഷാ വിഴ്ചയാണ് ഉണ്ടായത്. നാമമാത്രമായ പോലീസ് മാത്രമേ അകമ്പടിയായുണ്ടായിരുന്നുള്ളു.നേരത്തെ പഴവങ്ങാടിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടികാണിച്ചു.ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യെദ്യൂരപ്പയ്ക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായാണ് യെദ്യൂരപ്പ ഇന്നലെ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് 6 മണിക്കുള്ള പ്രത്യേക വിമാനത്തിലാണ് യെദ്യൂരപ്പ കേരളത്തിലെത്തിയത്.