India, News

ഉന്നാവ് ബലാൽസംഗക്കേസ്;മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി

keralanews former bjp mla kuldeep senagar found guilty in unnao rape case

ന്യൂഡൽഹി:ഉന്നാവിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാല്സംഗത്തിനിരയാക്കിയെന്ന കേസിൽ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെനഗര്‍ കുറ്റക്കാരനെന്ന് കോടതി.ഡല്‍ഹി തീസ് ഹസാരെ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 376, പോക്‌സോ ആക്ടിന്റെ 5,6 വകുപ്പുകള്‍ പ്രകാരമാണ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്.മാനഭംഗം , തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയ കോടതി , കേസിലെ കൂട്ടുപ്രതി ശശി സിംഗിനെ വെറുതെ വിട്ടു. കോടതിയില്‍ അതീവ ദുഃഖിതനായി കാണപ്പെട്ട സെന്‍ഗാര്‍, വിധി പ്രഖ്യാപനം കേട്ട് പൊട്ടിക്കര‌ഞ്ഞു.കേസിലെ കുറ്റപത്രം വൈകിയതില്‍ സി.ബി.ഐയെ വിചാരണ കോടതി വിമര്‍ശിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ലക്‌നൗവില്‍ നിന്ന് കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ ആഗസ്റ്റ് 5 മുതല്‍ ജില്ലാ ജഡ്ജി ധര്‍മേഷ് ശര്‍മ കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയായിരുന്നു.അടച്ചിട്ട മുറിയില്‍ രഹസ്യമായാണ് വിചാരണ നടന്നത്.

2017 ജൂണ്‍ 4ന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബി.ജെ.പി.എം.എല്‍.എയായിരുന്ന കുല്‍ദീപ് സെന്‍ഗാര്‍ പീഡനത്തിനിരയാക്കുകയായിരുന്നു എന്നാണ് കേസ്.പരാതിയുമായി പൊലീസിനെ സമീപിച്ച പെണ്‍കുട്ടിയ്‌ക്കും കുടുംബത്തിനും അവഗണനയും പീ‌ഡനങ്ങളും മാത്രമാണ് നേരിടേണ്ടിവന്നത്. പെണ്‍കുട്ടിയുടെ അച്ഛനെ സെന്‍ഗറിന്റെ ആളുകള്‍ ക്രൂരമായി മര്‍ദിച്ച്‌ കള്ളക്കേസില്‍ കുടുക്കി.പിന്നീട് ഇയാൾ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു.എല്ലാ വഴികളും അടഞ്ഞതോടെ പെണ്‍കുട്ടി, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടർന്നാണ് കേസ് സി.ബി.ഐയ്‌ക്ക് വിട്ടത്.ഒടുവില്‍ സുപ്രീം കോടതിക്ക് മുന്നിലെത്തിയ കേസ്, കോടതി യു.പിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു.

Previous ArticleNext Article