ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉത്തരവ് ഇന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്.യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി വിശാല ബെഞ്ചിന് കോടതി വിട്ടതല്ലേയെന്നും വിശാല ബെഞ്ച് വിഷയം പരിഗണിക്കുന്നതുവരെ കാത്തിരിക്കാനും ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിച്ചു. രാജ്യത്തിന് നിലവില്‍ സ്ഫോടനാത്മകമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സ്ഥിതി വഷളാക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ശബരിമലയിലേക്ക് പോകുന്നതിന് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും സമാധാനത്തോടെ അന്തിമ വിധി വരും വരെ കാത്തിരിക്കാനും സുപ്രീംകോടതി നിരീക്ഷിച്ചു.ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷയും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹരജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ ജസ്റ്റിസുമാരായ സുര്യകാന്ത്, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.വിശാല ബെഞ്ചിന്‍റെ ഉത്തരവ് അനുകൂലമാണെങ്കില്‍ യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിന് സംരക്ഷണം ലഭിക്കും. യുവതീപ്രവേശനം സംബന്ധിച്ച വിഷയം പരിഗണിക്കാന്‍ വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.