കൊച്ചി:പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയല്‍ അന്വേഷണം ഇന്ന് ആരംഭിക്കും.സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. ചന്ദ്രശേഖരന്‍ നായര്‍ ഇന്ന് മരിച്ച യദുലാലിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളില്‍ നിന്നു മൊഴിയെടുക്കും. ഇതിനുശേഷം അപകടസ്ഥലവും സന്ദര്‍ശിക്കും. എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം.ജില്ലാ കലക്ടര്‍ ഇന്നലെതന്നെ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.വാട്ടര്‍ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും പരസ്പരം പഴിചാരി രംഗത്തുവന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. അപകടത്തിന് ഉത്തരവാദിത്തം പി.ഡബ്ല്യു.ഡിക്കാണെന്നാണ് ജല അതോറിറ്റി പറയുന്നത്. അല്ലെന്നു പി.ഡബ്ല്യു.ഡിയും വാദിക്കുന്നു. പൈപ്പിലെ ചോര്‍ച്ച മാറ്റാനുള്ള അറ്റകുറ്റപ്പണിക്കായി സെപ്റ്റംബര്‍ 18ന് പി.ഡബ്ല്യു.ഡിയില്‍ അപേക്ഷ നല്‍കിയെന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ഷഹി പറഞ്ഞു.അതേ സമയം അപകടത്തിനു കാരണമായ കുഴി ഇന്നലെ രാത്രി തന്നെ അടച്ചു. ഇന്നലെയാണ് എറണാകുളം കൂനമ്മാവ് സ്വദേശി 23 വയസ്സുകാരനായ യദുലാൽ പാലാരിവട്ടത്ത് റോഡിൽ വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ വീണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യവേ റോഡിലെ കുഴിയിൽ വീണ യദുലാലിന്റെ ദേഹത്തുകൂടി ലോറി കയറിയിറങ്ങുകയായിരുന്നു.പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം 8 മാസങ്ങൾക്ക് മുമ്പാണ് കുടിവെള്ള പൈപ്പ് നന്നാക്കാനായി വാട്ടർ അതോറിറ്റി കുഴിയെടുത്തത്. ആദ്യം ചെറിയ രീതിയിലായിരുന്ന കുഴി പിന്നീട് വലുതായി. ഇതോടെ തിരക്കേറിയ ഈ വഴിയിലുടെയുള്ള ഇരുചക്ര വാഹനയാത്രക്കാരുടെ യാത്ര ദുരുതത്തിലായി.കഴിഞ്ഞ ആഴ്ചയും ഇതേ കുഴിയില്‍ ബൈക്ക് യാത്രക്കാരന്‍ വീണ് പരിക്കേറ്റിരുന്നു.