India, News

എതിര്‍പ്പുകള്‍ മറികടന്ന് നിയമം പ്രാബല്യത്തില്‍; പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു

keralanews the law goes into effect despite the objections president signs citizenship amendment bill

ന്യൂഡൽഹി:പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.ഗസറ്റില്‍ പ്രഖ്യാപനം വന്നതോടെ ഇന്നു മുതല്‍ നിയമം പ്രാബല്യത്തിൽ വരും.ലോക്സഭയിലും രാജ്യസഭയിലും ഏറെ ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവിലാണ് ബില്‍ പാസായത്.വന്‍ ഭൂരിപക്ഷത്തോടെ ലോക്‌സഭ പാസാക്കിയ ബില്ല് ബുധനാഴ്ചയാണ് രാജ്യസഭയിൽ പാസാക്കിയത്. ഇതുപ്രകാരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയംതേടിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. അതേസമയം അസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് ബില്ലിനെതിരെ നടക്കുന്നത്. അസമില്‍ പോലിസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.അസമില്‍ തുടരുന്ന പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.അസമില്‍ ഇന്നലെ അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.ശക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ട്രെയിന്‍ വ്യോമഗതാഗതം തടസപ്പെട്ടു. ജനങ്ങള്‍ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിയെ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ അജന്‍ണ്ടയാണിതെന്നും, കോണ്‍ഗ്രസ് അതിനെ ശക്തമായി നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ്‌ചെയ്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമയുദ്ധത്തിനും പ്രതിപക്ഷം തുടക്കമിട്ടു. മുസ്ലിം ലീഗ് ഇന്നലെ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, പി.കെ. നവാസ് കനി എന്നിവര്‍ നേരിട്ടാണ് ഹര്‍ജി നല്‍കിയത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ നിയമനിര്‍മ്മാണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പൗരത്വ ബില്ലിനെ വിമര്‍ശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന മട്ടിലുള്ള അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്നും മോമെന്‍ വിമര്‍ശിച്ചിരുന്നു.

Previous ArticleNext Article