കൊച്ചി:കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് നേരിയ ആശ്വാസം.മൊത്തവ്യാപാരത്തില്‍ ഒറ്റയടിക്ക് കുറഞ്ഞത് കിലോയ്ക്ക് 40 രൂപ.ഇതോടെ വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍.പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു ദിവസത്തിനകം കിലോയ്ക്ക് വില അറുപത് രൂപയിലെത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.ഉത്പാദനം വീണ്ടും മെച്ചപ്പെട്ടതോടെ മാര്‍ക്കറ്റുകളിലേക്ക് സവാള വണ്ടികള്‍ കൂടുതലായി എത്തി തുടങ്ങിയിട്ടുണ്ട്. വില കുറയ്ക്കാന്‍ വിദേശ സവാളകളും വിപണിയിലെത്തി. നിലവാരവും സ്വാദും കുറവായതിനാല്‍ ഇവയ്ക്ക് ഡിമാന്‍ഡ് മോശമാണ്. എങ്കിലും, ഇവ വിപണിയിലെത്തിയത് വില താഴാന്‍ സഹായകമായിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവില വിപണിയായ നാസിക്കിലെ ലാസല്‍ഗാവില്‍ ഇന്നലെ ഹോള്‍സെയില്‍ വില കിലോയ്ക്ക് 41 രൂപയിലേക്ക് താഴ്ന്നു. ഡിസംബര്‍ ഏഴിന് ഇവിടെ വില 71 രൂപയായിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വിളവ് നശിച്ചതാണ് വില കത്തിക്കയറാന്‍ കാരണം.വരും നാളുകളില്‍ സവാള വരവ് കൂടുമെന്നും ജനുവരിയോടെ മൊത്തവില കിലോയ്ക്ക് 20-25 രൂപവരെയായി താഴുമെന്നുമാണ് ലാസല്‍ഗാവിലെ വ്യാപാരികള്‍ പറയുന്നത്. ഇത്, റീട്ടെയില്‍ വില കേരളത്തില്‍ അടുത്തമാസാദ്യം 50 രൂപയ്ക്ക് താഴെയെത്താന്‍ സഹായകമാകും.