Kerala, News

തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് മിന്നൽ പണിമുടക്ക് നടത്തി

keralanews private bus employees attacked in thalipparamba

കണ്ണൂർ:എസ്‌ഡിപിഐ പ്രകടനത്തിനിടെ തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് മർദനമേറ്റു.ചൊവ്വാഴ്ച പകൽ പതിനൊന്നരയോടെയായിരുന്നു സംഭവം.പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാർക്കാണ് മർദനമേറ്റത്.സാരമായി പരിക്കേറ്റ കണ്ടക്റ്റർ പെരളശ്ശേരിയിലെ അർജുൻ ബാബു(23)വിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.പൗരത്വ ഭേദഗതി ബില്ലിനെതിരെ എസ്‌ഡിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം താലൂക്ക് ഓഫീസിനു മുന്നിലൂടെ കടന്നുപോകുമ്പോൾ ബസ്സ്റ്റാൻഡ് കവാടത്തിൽ പ്രകടനക്കാരും റോഡിലേക്കിറങ്ങുകയായിരുന്ന ബസ്സിലെ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് എസ്ഡിപിഐ പ്രവർത്തകർ ബസ്സിൽ കയറി ജീവനക്കാരെ മർദിക്കുകയായിരുന്നു.യാത്രക്കാരുടെ മുൻപിൽ വെച്ചായിരുന്നു മർദനം.സമീപത്തെ എയ്ഡ്പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാർ എത്തിയെങ്കിലും തടയാനായില്ല.സാരമായി പരിക്കേറ്റ അർജുൻ ബാബുവിനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷമാണ് പരിയാരത്തേക്ക് കൊണ്ടുപോയത്.സംഭവത്തെ തുടർന്ന് ടൗണിൽ നിന്നുള്ള ദീർഘദൂര ബസ്സുകൾ ഉൾപ്പെടയുള്ള ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തി.

അതേസമയം അർജുൻ ബാബുവിനെ മർദിച്ച സംഭവത്തിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.വധശ്രമകേസാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. .തൽഹത്ത്(29),എം.പി മുഹമ്മദ് റാഷിദ്(23),ടി.അഫ്‌സൽ(24),വളപ്പിൽ ഹൗസിൽ അബ്ദുൽസഹീർ(28),എം.പി ഫവാസ്(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.പോലീസിന്റെ അനുമതിയില്ലാതെ ടൗണിൽ പ്രകടനം നടത്തിയതിന് അൻപതോളം എസ്ഡിപിഐക്കാരുടെ പേരിൽ പോലീസ് മറ്റൊരു കേസും രെജിസ്റ്റർ ചെയ്തിട്ടുണ്ട്.എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ്‌ എസ്.പി മുഹമ്മദലി,സെക്രെട്ടറി ഇർഷാദ്, സ്ഥാന കമ്മിറ്റിയംഗം നൗഷാദ് മംഗലശ്ശേരി തുടങ്ങിയവരെ പ്രകടനം നടത്തിയതിന് അറസ്റ്റ് ചെയ്തു.

Previous ArticleNext Article