India, News

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്;വോട്ടെണ്ണൽ പുരോഗമിക്കുന്നു;ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം

keralanews karnataka byelection first result favours bjp

ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫലസൂചനകളില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം.പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതുടങ്ങുമ്പോള്‍ പത്ത് ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നു. ജെ.ഡി.എസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലെ ബി.ജെ.പി സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിക്കൂ. ബി.ജെ.പി 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പയുടെ അവകാശവാദം.എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് അനുകൂലമാണ്. എന്നാൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോൺഗ്രസ് നൽകുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായി നിന്നിരുന്ന ജെ.ഡി.എസ്, നിലപാടിൽ വരുത്തിയ മാറ്റമാണ് കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നത്. ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത് എങ്കിലും ചുരുങ്ങിയത് 12 സീറ്റുകളിലെങ്കിലും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ട്. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പൂര്‍ണഫലം ഉച്ചയോടെ പുറത്തുവരും. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.17 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരുന്നതെങ്കിലും കര്‍ണാടക ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ മുസ്‌കി, ആര്‍.ആര്‍ നഗര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.ഡിസംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 67.91 ശതമാനമായിരുന്നു വോട്ടിങ്. കനത്ത സുരക്ഷയില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.15 മണ്ഡലങ്ങളില്‍ നിന്നായി 19.25 ലക്ഷം പുരുഷന്മാരും 18.52 ലക്ഷം സ്ത്രീകളും ഉള്‍പ്പടെ 38 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി.126 സ്വതന്ത്രരും ഒൻപത് വനിതകളുമുള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

Previous ArticleNext Article