ഹൈദരാബാദ്:ഹൈദരാബാദ് ബലാൽസംഗ കേസിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി.തിങ്കളാഴ്ച രാത്രി എട്ടുവരെ മൃതദേഹങ്ങള്‍ സൂക്ഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചിത്രീകരിച്ച് സിഡിയോ പെന്‍ഡ്രൈവോ മഹബൂബ് നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നും നിര്‍ദേശമുണ്ട്.ജില്ലാ ജഡ്ജി ഇത് നാളെ വൈകുന്നേരത്തോടെ ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിന് കൈമാറണം.വ്യാഴാഴ്ച രാത്രിയിലാണ് വെറ്ററിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു സംഭവം.റിമാന്‍ഡിലായിരുന്ന പ്രതികളെ സംഭവം നടന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലുപേരും കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് നല്കുന്ന വിവരം.മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാത്രി സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍ നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറരയോടെ സ്കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളയിലേയ്ക്കു പോയി.ഈ സമയം പ്രതികള്‍ സമീപത്തിരുന്നു മദ്യപിക്കുകയായിരുന്നു. തങ്ങളുടെ ലോറിയ്ക്ക് സമീപത്തായി യുവതി സ്കൂട്ടര്‍ നിര്‍ത്തിയിടുന്നത് കണ്ട ഇവര്‍ മടങ്ങി വരുമ്പോൾ യുവതിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു.തുടർന്ന് യുവതിയുടെ സ്കൂട്ടറിന്റെ ടയര്‍ പ്രതികളിലൊരാള്‍ പഞ്ചറാക്കി. മടങ്ങിവന്ന യുവതിയ്ക്ക് അവര്‍ സഹായ വാഗ്ദാനം നല്കി.സ്കൂട്ടര്‍ ശരിയാക്കികൊണ്ടുവരാമെന്നും പറഞ്ഞ് പ്രതികളിലൊരാള്‍ വണ്ടി തള്ളികൊണ്ടുപോയി. ഇതിനിടയില്‍ സംശയം തോന്നിയ യുവതി തന്റെ സഹോദരിയെ വിവരമറിയിക്കുകയും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്ന് പറയുകയും ചെയ്തു.അവിടെനിന്നും പെട്ടെന്ന് തിരികെയെത്താന്‍ നിര്‍ദ്ദേശിച്ച സഹോദരി പിന്നീട് ഡോക്ടറെ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു.ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേർന്ന് യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ബോധം വീണ്ടുകിട്ടിയ യുവതി ബഹളം വച്ചപ്പോള്‍ പ്രതികള്‍ ചേര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ച് പെട്രോളും ഡീസലും ഉപയോഗിച്ച് കത്തിക്കുകയുമായിരുന്നു.