India, Kerala, News

ശബരിമല യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ;പരാമര്‍ശം ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ

keralanews sabarimala verdict related to woman entry is not the final word said chief justice s a bobde

ഡല്‍ഹി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാ‍ജരായത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.ഇതേ ആവശ്യം ഉന്നയിച്ച്‌ രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.

Previous ArticleNext Article