ബെംഗളൂരു:കര്‍ണാടകത്തിലെ 15 നിയമസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി.രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. 37,82,681 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ്. സിറ്റിങ് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് 66ഉം ജനതാദളിന് 34ഉം അംഗങ്ങളുണ്ട്. അയോഗ്യരാക്കിയ 16 കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എമാരില്‍ 13 പേരും നിലവിലെ മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നു.ഇവയെല്ലാം കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സിറ്റിങ് സീറ്റുകളാണ്. കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍നിന്ന് 17 എംഎല്‍എമാര്‍ രാജിവച്ചതാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഇവരില്‍ 14 പേരും ബിജെപിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോൺഗ്രസിന്റെ പ്രഖ്യാപനവും ബി.ജെ.പി വിരുദ്ധ നിലപാടിലേക്ക് ജെ.ഡി.എസ് എത്തിയതുമാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് ആറ് സീറ്റുകൾ മതി. കൂടുതൽ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ സർവെ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലവുമാണ്.അതേസമയം 12 സീറ്റുകളെങ്കിലും നേടി ജെ.ഡി.എസിനൊപ്പം ഭരണം തുടരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ശക്തമായ സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ബംഗളുരു നഗരം ഉൾപ്പെട്ട നാല് മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.4185 പോളിങ് സ്റ്റേഷനുകളിലായി 42,500 പോളിങ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോലീസിനോടൊപ്പം കര്‍ണാടക സായുധസേനാംഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ഡിസംബര്‍ ഒന്‍പതിനാണ് വോട്ടെണ്ണല്‍.