കൊച്ചി:നടി ആക്രമിക്കപ്പെട്ടകേസിൽ തെളിവുകളുടെ സമ്പൂർണ്ണ ഡിജിറ്റല്‍ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ അപേക്ഷ നൽകി.അന്വേഷണ സംഘം ഡിജിറ്റല്‍ തെളിവുകളായി ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നു പകര്‍ത്തിയ തെളിവുകളുടെ സമ്പൂർണ്ണ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇര ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ പുതിയ അപേക്ഷ.ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പിനായി നല്കിയ അപേക്ഷയില്‍ വാദപ്രതിവാദങ്ങള്‍ നടന്നു. പ്രതി ദിലീപിന്റെ 3 മൊബൈല്‍ ഫോണുകളില്‍ നിന്നു കണ്ടെത്തിയവ അടക്കം തെളിവായി ശേഖരിച്ച 32 ഇലക്ട്രോണിക് ഉപകരണങ്ങളിലും കേസുമായി നേരിട്ടു ബന്ധമില്ലാത്ത പലരുടെയും സ്വകാര്യത ഹനിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും ഇതു നല്‍കാനാകില്ലെന്നും പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു.കേസുമായി നേരിട്ടു ബന്ധമില്ലാത്ത ഇത്തരം ദൃശ്യങ്ങളുടെ സമ്പൂർണ്ണ പകര്‍പ്പ് ആവശ്യപ്പെടാന്‍ കേസിലെ പ്രതിയായ ദിലീപിനു അവകാശമില്ല. പ്രതിഭാഗം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കേസുമായി ബന്ധമില്ലാത്തവരുടേതാണ്. ഇത്തരം ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. അവരാരും കുറ്റക്കാരോ ഇരകളോ അല്ല. ഇത്തരക്കാരുടെ സ്വകാര്യതയെ ഹനിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെടാന്‍ പ്രതിഭാഗത്തിന് അവകാശമില്ല. കേസിലെ നിര്‍ണായക സാക്ഷികളായ ചിലരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച അവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇത്തരം സാക്ഷികളെ സ്വാധീനിക്കാന്‍ ദുരുപയോഗപ്പെടുത്തിയേക്കും എന്ന ആശങ്കയും പ്രോസിക്യൂഷന് പങ്കുവെച്ചു.വിചാരണ 6 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടും അനാവശ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചു നടപടികള്‍ വൈകിപ്പിക്കാനാണു പ്രതിഭാഗം ഇപ്പോഴും ശ്രമിക്കുന്നതെന്നു പ്രോസിക്യൂഷന് കുറ്റപ്പെടുത്തി. എന്നാല്‍ ഡിജിറ്റല്‍ രേഖകള്‍ക്കു കേസുമായി ബന്ധമുണ്ടോ ഇല്ലയോ എന്നു ബോധ്യപ്പെടണമെങ്കില്‍ ഇത്തരം തെളിവുകള്‍ പരിശോധിക്കേണ്ടിവരുമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാന്‍ അതാവശ്യമാണെന്നും പ്രതിഭാഗം വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട കോടതി കേസ് 11 നു വീണ്ടും പരിഗണിക്കും. അതേസമയം നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കമ്പ്യൂട്ടർ വിദഗ്ദ്ധന്റെ സേവനം തേടുകയാണെന്നും ഇതിനായി രണ്ടാഴ്ച അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു. ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കാനാവില്ലെങ്കിലും ഇതു കാണാന്‍ ദിലീപിനെ അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാന്‍ ഒരു വിദഗ്ദ്ധന്റെ സേവനം ആവശ്യമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന് വാദിച്ചത്. ഇവ കാണാന്‍ മാത്രമാണ് അനുമതിയുള്ളതെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അഭിപ്രായം തേടാന്‍ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു.