ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 2വിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ വാദത്തെ തള്ളി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍.വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും,സെപ്തംബര്‍ 10ന് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടത്.ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമായിരുന്നു നാസയുടെ സ്ഥിരീകരണം.രണ്ട് ഡസനോളം വരുന്ന പ്രദേശങ്ങളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 23 കഷണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അവശിഷ്ടങ്ങള്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഭാഗം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു നാസ പുറത്ത് വിട്ടത്.തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്നും നാസ പറയുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എല്‍ആര്‍ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു.