Kerala, News

ആരോപണങ്ങളിൽ മനം മടുത്തു;ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിർത്തുന്നതായി ഫിറോസ് കുന്നുംപറമ്പിൽ

keralanews social worker firoz kunnumparambil has announced that he is stopping charity work

കൊച്ചി:ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിർത്തുന്നതായി സാമൂഹ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ.തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ഫിറോസ്‌ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് താന്‍ ചാരിറ്റി നിറുത്തുന്നതെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.തനിക്കൊരു കുടുംബം ഉണ്ടെന്നുപോലും ചിന്തിക്കാതെയാണ് ഓരോ ആരോപണങ്ങളും ചിലര്‍ ഉയര്‍ത്തുന്നതെന്നും കള്ളന്‍റെ മക്കളെന്ന പേര് കേട്ട് തന്‍റെ മക്കള്‍ വളരരുതെന്നാണ് ആഗ്രഹമെന്നും ഫിറോസ് പറയുന്നു.സഹായം ചോദിച്ച്‌ ഒരു വീഡിയോയുമായി ഇനി ഫിറോസ് കുന്നുംപറമ്പിൽ വരില്ലെന്നും അദ്ദേഹം ലൈവിലൂടെ പറഞ്ഞു.ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ ഫിറോസ് ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച്‌ രണ്ടുപേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഫിറോസ് രംഗത്തെത്തിയത്. തിരുവന്തപുരം സ്വദേശിയായ ആഷികാണ് ഫിറോസിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.നേരത്തെ, ഫിറോസ് കുന്നുംപറമ്പിലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്കു പരാതി ലഭിച്ചിരുന്നു. സേവനപ്രവര്‍ത്തനങ്ങളുടെ മറവില്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചു സഹതാപ തരംഗം സൃഷ്ടിച്ചു വിദേശത്തുനിന്നു കോടിക്കണക്കിനു രൂപ സമാഹരിക്കുന്നതായി കാണിച്ചാണ് പരാതി ലഭിച്ചിരുന്നത്. നിരാലംബരായ രോഗികളെ മറയാക്കി സമാഹരിക്കുന്ന കോടിക്കണക്കിനു രൂപ ഹവാല ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതായി സംശയിക്കുന്നുവെന്ന് പരാതി നല്‍കിയ അജി തോമസ് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് ഫിറോസ് കുന്നുംപറമ്പില്‍ കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണെന്നു സംസ്ഥാന സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീല്‍ വ്യക്തമാക്കിയിരുന്നു. എഫ്സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതായും മുഹമ്മദ് അഷീല്‍ പറഞ്ഞു.200 കോടി രൂപ കേരളത്തിലേക്ക് ഇത്ര നിസ്സാരമായി വരികയും ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്‌ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ അത് കൈകാര്യം ചെയ്തതില്‍ ദേശവിരുദ്ധത്തിന്റെ പേരില്‍ ജയിലില്‍ പോകാന്‍ ഫിറോസ് അര്‍ഹനാണ്. സര്‍ക്കാരിന്റെ വീ കെയര്‍ ഡൊണേഷന്‍ ഡോട്ട് കോമിലേക്ക് സംഭാവന ചെയ്താല്‍ ആരും പറ്റിക്കപ്പെടില്ലന്നും അദേഹം പറഞ്ഞിരുന്നു.

Previous ArticleNext Article