ബെംഗളൂരു:ഒന്നരമാസമായി കാണാതായ ബംഗളൂരുവിലെ സോഫ്റ്റ് വെയര്‍ എന്‍ജീനിയര്‍മാരായ മലയാളി യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം സ്വദേശികളായ ശ്രീലക്ഷ്മി (21), അഭിജിത്ത് മോഹന്‍ (25) എന്നിവരെയാണ് വെള്ളിയാഴ്ച ബംഗളൂരുവിലെ ഹെബ്ബാഗൊഡി പൊലീസ് സ്റ്റേഷന് പരിധിയിലെ ചിന്തല മടിവാളയിലെ വനമേഖലയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് കണ്ടെത്തുമ്പോൾ ഇരുവരുടെയും മൃതദേഹങ്ങൾ അഴുകിയനിലയിലായിരുന്നു. വനത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഇരുവരുടെയും തലയും ശരീരവും വേർപെട്ടിരുന്നതായും പൊലീസ് പറഞ്ഞു.ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാരായ ഇരുവരെയും ഒക്ടോബര്‍ 11 മുതലാണ് കാണാതായത്. ഓഫീസിൽ നിന്ന് പുറത്തുപോയ ഇവരെ പിന്നീടാരും കണ്ടിരുന്നില്ല. കാണാതായതിനെ തുടര്‍ന്ന് ഇരുവരെയും ബന്ധുക്കള്‍ പരപ്പന അഗ്രഹാര പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസത്തിലധികമായി പൊലീസ് ഇവരെക്കുറിച്ച് അന്വേഷിച്ചുവരുകയായിരുന്നു. ഒക്ടോബര്‍ 14നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കുന്നത്.ശ്രീലക്ഷ്മിയെ കാണാനില്ലെന്ന പരാതി നല്‍കിയശേഷം ബന്ധുക്കള്‍ കര്‍ണാടക ഹൈകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജിയും നല്‍കിയിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ബംഗളൂരു നഗരത്തില്‍നിന്ന് പോയശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിെന്റ പ്രാഥമിക നിഗമനം.കാണാതായ ദിവസത്തിനു മുൻപ് പെണ്‍കുട്ടി വീട്ടുകാരെ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു.പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇരുവരുടെയും മൃതദേഹത്തില്‍ മുറിവുകളോ പാടുകളോ ഇല്ലായിരുന്നുവെന്നും തുടരന്വേഷണം നടക്കുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ഹെബ്ബെഗൊഡി പൊലീസാണ് അന്വേഷണം നടത്തുന്നത്.