കൊച്ചി:മലയാള സിനിമയില്‍ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന ആരോപണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. നടന്‍ ഷെയ്ന്‍ നിഗത്തെ വിലക്കിയ തീരുമാനം അറിയിച്ച വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മാതാക്കളായ എം രഞ്ജിത്, ആന്റോ ജോസഫ് എന്നിവരടങ്ങിയ സംഘം ഈ ആരോപണം ഉന്നയിച്ചത്. മലയാള സിനിമകളിലെ ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.എല്ലാ കാരവാനുകളും പരിശോധിക്കണം. ലഹരിമരുന്ന് പരിശോധനയും വേണം.ചില താരങ്ങള്‍ കാരവാനില്‍ നിന്ന് ഇറങ്ങാറേയില്ല. കഞ്ചാവ് മാത്രമല്ല എല്‍എസ്ഡി പോലെയുളള സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്നാണ് സംശയിക്കുന്നത്.കഞ്ചാവ് പുകച്ചാല്‍ അതിന്റെ മണംകൊണ്ടു തിരിച്ചറിയാന്‍ കഴിയും. ഇവര്‍ ഉപയോഗിക്കുന്നത് എല്‍.എസ്.ഡി. പോലുള്ള മയക്കുമരുന്നുകളാണെന്ന് സംശയിക്കുന്നെന്നും മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പലരും പലവിധത്തിലാണ് പ്രതികരിക്കുന്നതെന്നും നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ലൊക്കേഷനില്‍ കൃത്യമായി വരാത്ത പലരുമുണ്ട്. പരാതി പറഞ്ഞിട്ടും ഗൗനിക്കുന്നില്ല. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. പരിശോധനയ്ക്ക് നിര്‍മാതാക്കളുടെ സംഘടന പൂര്‍ണപിന്തുണ നല്‍കുമെന്നും ഇനിയും ഈ സിനിമകളില്‍ കാശുമുടക്കാന്‍ നിര്‍മാതാക്കള്‍ക്ക് എന്തെങ്കിലും ഉറപ്പുകിട്ടണമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു.ഷെയിന്‍ നിഗമിനെ ഇനി അഭിനയിപ്പിക്കില്ല. രണ്ടു സിനിമകള്‍ക്കായി ചെലവായ തുക ഏഴുകോടി രൂപയാണ്. ഇതു തിരികെ ലഭിക്കാന്‍ നിയമനടപടി സ്വീകരിക്കും. ഇല്ലാത്ത പ്രതിഫലമാണ് ഷെയിന്‍ ആവശ്യപ്പെടുന്നത്. ഇതൊന്നും അംഗീകരിച്ച് മുന്നോട്ടു പോകാനാകില്ലെന്നും സംഘടന യോഗത്തിനു ശേഷം നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.