ന്യൂഡൽഹി: ഇന്ത്യൻ ജനത ഇന്ന് റിപ്പബ്ലിക്ക് ദിനത്തിന്റെ ആഘോഷത്തിലാണ്. 68-ആം റിപ്പബ്ലിക്ക് ദിനമാണ് ഇന്ന്. രാജ്‌പഥിൽ രാഷ്‌ട്രപതി പ്രണബ്മുഖർജി പതാക ഉയർത്തുന്നതോടെ ഔപചാരികമായി റിപ്പബ്ലിക്ക് ദിനാഘോഷത്തിന് തുടക്കമാകും.
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസേനാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനാണ് ഈ റിപ്പബ്ലിക്ക് ദിനത്തിലെ മുഖ്യാതിഥി.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച പ്രിയപ്പെട്ട സൈനികരുടെ ആദര സൂചകമായി അമർ ജ്യോതിയിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. പരേഡിൽ കരാനാവികവ്യോമ സേനയ്ക്ക് പുറമെ അർദ്ധ സൈനിക വിഭാകങ്ങളും അണി നിരക്കും. ആദ്യമായി യുഎഇയിൽ നിന്നുള്ള സൈനികരും പങ്കെടുക്കും.
വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും നിശ്ചല ദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.
സംസ്ഥാനത്തും ആഘോഷങ്ങളോടെ തന്നെ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു. ഗവർണർ പി.സദാശിവം രാവിലെ 8.30 ന് പതാക ഉയർത്തി. ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ ആഘോഷം നടന്നു.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഒന്നര മണിക്കൂര്‍ നേരം തിലക് പാലത്തിലൂടെ ട്രെയിനുകള്‍ ഓടില്ല. രാവിലെ 10.30 മുതല്‍ 12 മണി വരെയാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണം.
ഗാസിയാബാദ്-ന്യൂദല്‍ഹി-ഗാസിയബാദ് എമു തീവണ്ടികളും ഈ സമയങ്ങളില്‍ നിര്‍ത്തിയിടും. മറ്റുള്ള സര്‍വ്വീസുകളും ഭാഗികമായി നിര്‍ത്തും. ചില ട്രെയിനുകള്‍ പഴയ ദല്‍ഹി സ്റ്റേഷനിലേയ്ക്ക് വഴി തിരിച്ച് വിടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഝലം, കേരള, കര്‍ണാടക, അമൃത്സര്‍ പശ്ചിം എന്നീ എക്‌സ്പ്രസുകളും നിര്‍ത്തിയിടും. റിപ്പബ്ലിക്ക് ദിന പരേഡുകള്‍ക്ക് ശേഷം ട്രെയിനുകള്‍ ഓടി തുടങ്ങും.
ലോകത്തെ ഏറ്റവും വലിയ അംബരചുംബിയായ കെട്ടിടം ബുർജ് ഖലീഫയിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനമാഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ത്രിവർണ പതാകയുടെ വർണങ്ങളിൽ പ്രകാശിപ്പിച്ചു.