കൊച്ചി:ജനുവരി 2ന് വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് ബിന്ദു അമ്മിണി.സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്നാണ് ദര്‍ശനം നടത്തുക. നവോത്ഥാന കേരള സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തത്. പോലീസില്‍ നിന്ന് സംരക്ഷണം കിട്ടുമെന്ന് പ്രതീക്ഷയില്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണി ശബരിമലയിൽ ദർശനം നടത്തിയത്.അതേസമയം ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് ബിന്ദു അമ്മിണി വ്യക്താമക്കി. ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന തരത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണെന്നും തൃപ്തിക്ക് ബന്ധമുണ്ടെങ്കില്‍ അത് കോണ്ഗ്രസുമായിട്ടായിരുന്നെന്നും ബിന്ദു പറഞ്ഞു.മന്ത്രി ബാലനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് താന്‍ ദര്‍ശനത്തിന് പോയതെന്ന വാദവും ബിന്ദു അമ്മിണി തള്ളി. ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിക്കാനാണ് മന്ത്രിയുടെ ഓഫീസില്‍ പോയതെന്നും അവര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസമാണ് ഭൂമാതാ ബ്രിഗേഡ് നേതാവായ തൃപ്തി ദേശായിയോടൊപ്പം കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ എത്തിയ ബിന്ദുവിന് നേരെ അഖിലേന്ത്യാ ഹിന്ദു പരിഷത്ത് പ്രവര്ത്തകന് ശ്രീനാഥ് പദ്മനാഭൻ മുളകുപൊടി സ്പ്രേ ആക്രമണം നടത്തിയത്.ഇയാള്‍ക്കെതിരേ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.