Kerala, News

ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സർക്കാർ

keralanews govt banned plastic products in the state

തിരുവനന്തപുരം:സംസ്ഥാനത്ത് പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.ഉത്പാദനവും വിപണനവും ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കുമെന്നും യോഗത്തില്‍ തീരുമാനമായി.നിയമം ലഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തും.ആദ്യ തവണ 10,000 രൂപയാണ് പിഴ. തെറ്റ് ആവര്‍ത്തിച്ചാല്‍ 50,000 രൂപ വരെ പിഴയീടാക്കും.പ്ലാസ്റ്റിക് കവറുകള്‍, പാത്രങ്ങള്‍, സ്പൂണ്‍, തുടങ്ങി പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക് കുപ്പികള്‍ മുതലായവ നിരോധന പരിധിയില്‍ ഉള്‍പ്പെടും. മാലിന്യം ശേഖരിക്കുന്ന വലിയ പ്ലാസ്റ്റിക് കവറുകള്‍ക്കും 300 മില്ലി ലിറ്ററിന് മുകളിലുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്കും സര്‍ക്കാര്‍ നിരോധനം കൊണ്ടുവരുന്നുണ്ട്.അതേസമയം ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കുപ്പികള്‍, മില്‍മ പാല്‍കവര്‍, കേരഫെഡ്, ജല അതോറിറ്റി എന്നിവയുടെ ഉത്‌പന്നങ്ങളുടെ പ്ലാസ്റ്റിക് കവറുകള്‍ക്കും കുപ്പികള്‍ക്കും വ്യവസ്ഥകളോടെ പ്രത്യേക ഇളവുണ്ട്.

ഉപയോഗ ശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പാരിസ്ഥിതിക- ആരോഗ്യപ്രശ്നമായി വളര്‍ന്ന സാഹചര്യത്തിലാണ് നിരോധനം.പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ),ടേബിളില്‍ വിരിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്സ്, കൂളിംഗ് ഫിലിം, പ്ലേറ്റുകള്‍, കപ്പുകള്‍, തെര്‍മോക്കോള്‍, സ്റ്റൈറോഫോം എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ബൗള്‍ നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍ കുടിക്കാനുള്ള പെറ്റ് ബോട്ടിലുകള്‍ (300 മില്ലിക്ക് താഴെ) പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പി.വി.സി ഫ്ളക്സ് മെറ്റീരിയല്‍സ്, പ്ലാസ്റ്റിക് പാക്കറ്റ്സ് എന്നിവയാണ് നിരോധനം ബാധമാകുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍.നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. കലക്ടര്‍മാര്‍ക്കും സബ്ഡിവിഷണല്‍ മജിസ്ട്രേറ്റുമാര്‍ക്കും മലിനീകരണ നിയന്ത്ര ബോര്‍ഡ് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്കും പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും നടപടിയെടുക്കാന്‍ അധികാരമുണ്ട്.

Previous ArticleNext Article