സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെ ആരോപണവുമായി വിദ്യാർഥികൾ.കുട്ടിയുടെ കാലിലുണ്ടായ മുറിവില്‍ നിന്ന് ചോരയൊലിച്ചിട്ടും ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ തയാറായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.സ്‌കൂള്‍ കെട്ടിടത്തില്‍ പലയിടത്തും മാളങ്ങളുണ്ട്.ക്ലാസ് മുറികളും ശൗചാലയവും വൃത്തിഹീനമാണ്.വെള്ളം പോലും ലഭിക്കാത്ത സ്ഥിതിയുണ്ട്.ക്ലാസില്‍ ചെരിപ്പിടാന്‍ അധ്യാപകര്‍ സമ്മതിച്ചിരുന്നില്ല.ക്ലാസ്സില്‍ പാമ്പുണ്ടെന്ന് പറഞ്ഞിട്ടും അവഗണിച്ചു. കുട്ടിയുടെ കാലില്‍ പാമ്പ് കൊത്തിയതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ലെന്ന് ഷഹലയുടെ സഹപാഠി പറഞ്ഞു.’ടീച്ചര്‍ ഞങ്ങളെ നാല് ഗ്രൂപ്പായിട്ട് നിര്‍ത്തിയിരിക്കുകയായിരുന്നു. രണ്ടാം ഗ്രൂപ്പിലായിരുന്ന ഷഹല ആ പൊത്തിന്റെ അടുത്ത് കാലു വച്ചപ്പോഴാണ് കാലില്‍ മുറിവു പറ്റിയത്. കാലില്‍ രണ്ട് കുത്ത് കണ്ടപ്പോള്‍ പാമ്പു കടിച്ചതാണെന്ന് എനിക്ക് മനസ്സിലായി.പാമ്പ് കുത്തിയതാണ് വേഗം ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ഞാന്‍ ടീച്ചറോടു പറഞ്ഞു. ഇപ്പോള്‍ കൊണ്ടുപോണ്ട, അവളുടെ അച്ഛന്‍ വന്നിട്ട് കൊണ്ടുപോയ്‌ക്കോളും എന്ന് ക്ലാസിലേക്ക് അപ്പോള്‍ വന്ന ഷാജില്‍ സാര്‍ പറഞ്ഞു, കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ഷഹലയുടെ കാലില് നീല നിറം കണ്ടു. അപ്പോഴാണ് അവളുടെ അച്ഛന്‍ എത്തിയതും ആശുപത്രിയില്‍ കൊണ്ടുപോയതും. ഇതിനിടയില്‍ അധ്യാപകന്‍ തങ്ങള്‍ക്കു നേരെ വടി വീശി ക്ലാസില്‍ പോയിരിക്കാന്‍ പറയുകയും ചെയ്തിരുന്നു’- സഹപാഠി പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.പാമ്പു കടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. കുട്ടിയുടെ കാലില്‍ മുറിവേറ്റതായി പിതാവിനെ വിവരമറിയിച്ചപ്പോള്‍ താന്‍ ബത്തേരിയില്‍ തന്നെയുണ്ടെന്നും സ്‌കൂളില്‍ വന്ന ശേഷം ആശുപത്രിയില്‍ കൊണ്ടുപോയാല്‍ മതിയെന്നുമാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് പിതാവ് എത്തിയ ശേഷമാണ് ബത്തേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഇവിടുത്തെ ഡോക്ടര്‍ക്കും പാമ്പ് കടിച്ചതാണെന്ന് ആദ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കുട്ടി ഛര്‍ദിച്ചതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചതെന്നും അധികൃതര്‍ പറയുന്നു.മൂന്നരയോടെ പാമ്പുകടിയേറ്റ കുട്ടിയെ മൂന്നേമുക്കാലോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറയുന്നത്. നാലു മണി കഴിഞ്ഞതോടു കൂടി താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി. അവിടെ അഞ്ച് മണി വരെ കാത്തുനിന്ന ശേഷമാണ് ഡോക്ടര്‍ പരിശോധിച്ചത്. രക്ത പരിശോധന കഴിഞ്ഞ് ഫലം കിട്ടാന്‍ കാത്തു നില്‍ക്കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.