തിരുവനന്തപുരം:കെ.എസ്.യു സംഘടിപ്പിച്ച നിയമസഭ മാര്‍ച്ചിനിടയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. എം.എല്‍.എക്കേറ്റ പൊലീസ് മര്‍ദനത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് അന്വേഷണം നടത്തണമെന്നും പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടരുകയും ചോദ്യോത്തരവേള ബഹിഷ്കരിച്ച് ഇറങ്ങി പോവുകയുമായിരുന്നു.ഷാഫി പറമ്ബിലിനെതിരായ പൊലീസ് മര്‍ദനത്തില്‍ ബുധനാഴ്ചയും നിയമസഭ പ്രതിപക്ഷ പ്രതിഷേധത്തിന് വേദിയായിരുന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിലേക്ക് കയറിയും പ്രതിഷേധിച്ചിരുന്നു.അതിനിടെ കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിലേക്ക് കയറിയ അൻവർ സാദത്ത്, റോജി എം ജോൺ, ഐ.സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെയുള്ള നടപടിയും സ്പീക്കർ ഇന്ന് സഭയിൽ പ്രഖ്യാപിക്കും. താക്കീതിലോ ശാസനയിലോ നടപടി പരിമിതപ്പെടുത്താനാണ് സാധ്യത.ഡയസിൽ കയറിയ എം.എൽ.എമാരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യവും ഭരണപക്ഷത്ത് നിന്ന് ഉയർന്നിട്ടുണ്ട്.