കൊച്ചി:ഐ എ എസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന ആരോപണത്തില്‍ തലശേരി സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെതിരെ എറണാകുളം കലക്ടര്‍ എസ് സുഹാസ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കി. വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആസിഫ് ഐ എ എസ് നേടിയതെന്ന പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് എറണാകുളം കലക്ടര്‍ എസ് സുഹാസ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുഹാസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ആസിഫിന്റെ കുടുംബം ക്രീമിലയര്‍ പരിധിയില്‍ വരുന്നതാണെന്നും ആദായ നികുതി അടയ്ക്കുന്നതായും പറഞ്ഞിട്ടുണ്ട്. ഐ എ എസ് നേടാന്‍ വ്യാജരേഖ ഹാജരാക്കിയതിന് ആസിഫിനെതിരെ നടപടിയുണ്ടായേക്കും. പരീക്ഷ എഴുതുന്നതിന് തൊട്ടുമുൻപുള്ള മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ഏതെങ്കിലും ഒരു വര്‍ഷം കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ താഴെയാകണമെന്നാണ് ഒ ബി സി സംവരണത്തിനുള്ള മാനദണ്ഡം.എന്നാല്‍, ആസിഫ് പരീക്ഷ എഴുതുന്നതിന്റെ തൊട്ടുമുൻപുള്ള മൂന്ന് വര്‍ഷവും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തിന് മുകളിലാണെന്നാണ് എറണാകുളം കലക്ടര്‍ നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ആസിഫിന്റെ മാതാപിതാക്കളുടെ വാര്‍ഷിക വരുമാനമടക്കം അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2015 ല്‍ പരീക്ഷ എഴുതുമ്പോൾ കുടുംബത്തിന്റെ വരുമാനം 1.8 എന്ന രേഖയാണ് ആസിഫ് ഹാജരാക്കിയത്. ഇക്കാര്യത്തില്‍ കമയന്നൂര്‍ തഹസീല്‍ദാറിന്റെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. വാര്‍ഷിക വരുമാനം 1,80,000 എന്ന് ആസിഫ് കാണിച്ച വര്‍ഷത്തില്‍ 21 ലക്ഷത്തിന് മുകളിലാണ് ആസിഫിന്റെ കുടുംബത്തിന്റെ യഥാര്‍ത്ഥ വരുമാനം. മറ്റു വര്‍ഷങ്ങളിലും 23-25 ലക്ഷങ്ങളുടെ വരുമാനമുണ്ട്. ക്രീമിലിയര്‍ ഇതരവിഭാഗത്തിലെ ആനുകൂല്യം ലഭിക്കാന്‍ ആദായ നികുതി അടയ്ക്കുന്ന വിവരം ആസിഫ് മറച്ചുവെച്ചുവെന്നും സുഹാസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് ആസിഫ് കെ യൂസഫ്. ക്രീമിലയര്‍ പരിധിയില്‍പ്പെടാത്ത ഉദ്യോഗാര്‍ത്ഥിയെന്ന നിലയിലാണ് ആസിഫിന് കേരള കേഡറില്‍ തന്നെ ഐ എ എസ് ലഭിച്ചത്.രേഖകള്‍ വ്യാജമാണെന്ന പരാതി കിട്ടിയതോടെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദേശാനുസരണമാണ് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.