കൊച്ചി:ദക്ഷിണ കൊറിയയില്‍ നടന്ന ലോക ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പില്‍ മിസ്റ്റര്‍ യൂണിവേഴ്സായി മലയാളി താരം ചിത്തരേഷ്.മിസ്റ്റര്‍ യൂണിവേഴ്സ് ടൈറ്റില്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണു വടുതല സ്വദേശിയായ ചിത്തരേഷ്.90 കിലോഗ്രാം വിഭാഗത്തില്‍ മിസ്റ്റര്‍ വേള്‍ഡ് പട്ടം നേടി തുടര്‍ന്നു നടന്ന മത്സരത്തില്‍ 55-110 കിലോഗ്രാം ഭാരവിഭാഗങ്ങളിലെ ഒന്‍പതു ലോക ചാംപ്യന്മാരെ പരാജയപ്പെടുത്തിയാണു ചിത്തരേഷ് മിസ്റ്റര്‍ യൂണിവേഴ്സ് നേടിയത്.ഡല്‍ഹിയില്‍ ഫിറ്റ്നസ് ട്രെയിനറായി ജോലി നോക്കുന്ന ചിത്തരേഷ് മുന്‍പു നടന്ന പല ചാംപ്യന്‍ഷിപ്പുകളിലും ഡല്‍ഹിയെ പ്രതിനിധീകരിച്ചാണു മത്സരിച്ചത്. എന്നാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ ടീമിലെത്തി നടത്തിയ ആദ്യ ശ്രമത്തില്‍ത്തന്നെ ഈ സ്വപ്ന നേട്ടം കരസ്ഥമാക്കാനായതിന്റെ സന്തോഷത്തിലാണിപ്പോള്‍ താരം.
പരാധീനതകളോടു പടവെട്ടിയാണു ചിത്തരേഷ് ലോകം കൊതിക്കുന്ന വിജയം കയ്യെത്തിപ്പിടിച്ചത്. വടുതല ഗണപതി ക്ഷേത്രത്തിനു സമീപത്തെ ആസ്ബറ്റോസ് ഷീറ്റിട്ട ചെറിയ രണ്ടുമുറി വീട്ടില്‍നിന്നു മിസ്റ്റര്‍ യൂണിവേഴ്സിലേക്കുള്ള പാത കഷ്ടപ്പാടുകളുടേതായിരുന്നു. വിജയമധുരം രുചിക്കാന്‍ ചിത്തരേഷിനു തുണയായത് ഉറ്റ സുഹൃത്തും വഴികാട്ടിയും കോച്ചുമായ എം.പി. സാഗറിന്റെ ചിട്ടയായ പരിശീലനമാണ്. ഒരു ദിവസംപോലും മടിപിടിക്കാതെ, ഇഷ്ടമുള്ള ഭക്ഷണവും ചടങ്ങുകളും ആഘോഷങ്ങളും ഒക്കെ ത്യജിച്ചുള്ള കഠിനമായ പരിശീലനം. ചെലവേറിയ കായിക ഇനമാണെന്നറിഞ്ഞിട്ടും വീട്ടിലെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമല്ലാതിരുന്നിട്ടും പിന്മാറാന് ചിത്തരേഷിനു മനസ്സില്ലായിരുന്നു.പ്രതിസന്ധികളില്‍ നാടും കൂട്ടുകാരും കൂടെ നിന്നു. പലപ്പോഴും സാമ്പത്തികമായി സഹായിച്ചു. ഹൈബി ഈഡന് എംപിയും വ്യക്തിപരമായി പലപ്പോഴും സഹായിച്ചെന്നും ചിത്തരേഷ് പറയുന്നു.ഡല്‍ഹിയില്‍ ജോലി നോക്കുന്ന ചിത്തരേഷ് വടുതലയിലെ വീട്ടില്‍ അവസാനമായി എത്തിയത് ഒരു വര്‍ഷം മുന്‍പാണ്. ദക്ഷിണ കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിസിക് സ്പോര്‍ട്സ് ചാംപ്യന്‍ഷിപ്പിനായി ജനുവരി മുതല്‍ കഠിനമായ ഒരുക്കമായിരുന്നു. അതുകൊണ്ടു തന്നെ വീട്ടിലേക്കുള്ള യാത്രകള്‍ ഒഴിവാക്കി.പരിശീലനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.