ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഫാത്തിമ ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.കോളേജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്ശന് പത്മനാഭന് ആണെന്ന് ഫോണില്‍ ഫാത്തിമ രേഖപ്പെടുത്തിയിരുന്നു. ഫാത്തിമ തന്റെ മരണത്തിന് കാരണക്കാരനെന്ന് വെളിപ്പെടുത്തിയ അധ്യാപകന് സുദര്ശന് പത്മനാഭനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.ഇതിന്റെ ഭാഗമായി ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകി. ഫാത്തിമയുടെ മരണം സംശയിച്ച് പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. പോലീസ് ഒത്തുകളി നടത്തുന്നതായുളള ആരോപണവും ഉയരുന്നു. അതിനിടെ ദുരൂഹത ശക്തമാക്കി ഫാത്തിമയുടെ സഹപാഠിയുടെ വാട്സ്ആപ്പ് വോയിസ് മെസ്സേജ് ചര്‍ച്ചയാവുകയാണ്.ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചു എന്നാണ് പോലീസ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഫാത്തിമയുടെ മൃതദേഹം ആദ്യമായി കണ്ട സഹപാഠി അച്ഛനായ ലത്തീഫിന് അയച്ച വാട്സ്ആപ്പ് വോയിസ് മെസ്സേജില്‍ പറയുന്നത് മറ്റൊന്നാണ്. മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് ഫാത്തിമ എന്നാണ് വോയിസ് മെസ്സേജ്.ഇതില്‍ ദുരൂഹതയുണ്ട് എന്നാണ് ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നത്. ഈ വോയിസ് മെസ്സേജ് അടക്കമുളള തെളിവുകള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഫാത്തിമയുടെ കുടുംബം കൈമാറിയിട്ടുണ്ട്. മരിക്കുന്നത് മുമ്പുളള 28 ദിവസങ്ങളില്‍ ഗാലക്സി നോട്ടില്‍ ഫാത്തിമ പല കാര്യങ്ങളും കുറിച്ച് വെച്ചിരുന്നു.ഈ വിവരങ്ങളും ഫാത്തിമയുടെ കുടുംബം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പോലീസിനെതിരെ ഫാത്തിമയുടെ ബന്ധുവായ ഷമീറും വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തി.ഫാത്തിമയുടേത് ആത്മഹത്യ തന്നെയാണ് എന്ന് ഉറപ്പിച്ച മട്ടിലാണ് പോലീസ് പെരുമാറിയത് എന്ന് ഷമീര്‍ പറയുന്നു. മാത്രമല്ല മൃതദേഹം എംബാം ചെയ്യുന്നതിനായി പോലീസ് കൊണ്ടുപോയത് ട്രക്കില്‍ കയറ്റിയാണ് എന്നും ഷമീര്‍ ആരോപിക്കുന്നു.ഫാത്തിമയുടെ സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്നും കൊലപാതകമാണ് എന്ന നിഗമനത്തിലാണ് തങ്ങള്‍ എത്തിയതെന്നും ഷമീര്‍ പറയുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോള്‍ പരാതി എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷനില്‍ വെച്ച് ഫാത്തിമയുടെ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് കൈമാറാന്‍ കൂട്ടാക്കിയില്ലെന്നും ഷമീര്‍ പറയുന്നു.ഫാത്തിമ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും എന്നാല്‍ മരണത്തിന് മുന്പുളള ദിവസങ്ങളില്‍ ദുഖിതയായിരുന്നു എന്നുമാണ് സഹോദരി ഐഷ പറയുന്നത്. ഐഐടിയില്‍ നേരിട്ടിരുന്ന മാനസിക പീഡനങ്ങളെ കുറിച്ച് ഫാത്തിമ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായിരുന്നുവെന്നും നിയമവിദ്യാര്‍ത്ഥിനിയായ ഐഷ പറയുന്നു. ഫാത്തിമയ്ക്ക് വേണ്ടിയുളള നിയമപോരാട്ടം നീതി കിട്ടും വരെ നടത്തുമെന്നും ഐഷ വ്യക്തമാക്കി.