Kerala, News

അയോധ്യ വിധി;കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം

keralanews ayodhya verdict alert in kerala

തിരുവനന്തപുരം:കൊച്ചി: അയോധ്യ കേസിന്റെ വിധി ഇന്ന് വരുന്ന പശ്ചാത്തലത്തില്‍ കേരളത്തിലും കനത്ത ജാഗ്രത നിർദേശം.ഇന്നലെ രാത്രി രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സംസ്ഥാനത്തെ സ്ഥിതിഗതികളും അയോധ്യ വിധി മുന്‍നിര്‍ത്തി സ്വീകരിച്ച സുരക്ഷാനടപടികളും ഗവര്‍ണറെ ധരിപ്പിച്ചു. നിലവില്‍ കേരളത്തില്‍ കാസര്‍കോട് ജില്ലയിലെ  മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നവംബര്‍ പതിനൊന്നാം തീയതി വരെ ഈ സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ തുടരും. ഇവിടങ്ങളില്‍ നാലില്‍ കൂടുതല്‍ പേര്‍ കൂടി നില്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. കൊച്ചി നഗരത്തിലും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് കൊച്ചി ഡിസിപി ജി പൂങ്കുഴലി പറഞ്ഞു.

അതേസമയം, അയോധ്യ വിധി ഇന്ന് വരുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് നേതാക്കള്‍ രംഗത്ത് എത്തി. അയോധ്യ കേസിലെ വിധി എന്തു തന്നെയായാലും അതിനെ സമാധാനപൂര്‍വം സ്വാഗതം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ കെ ആലിക്കുട്ടി മുസലിയാര്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, ടിപി അബ്ദുള്ളക്കോയ മദനി, എംഐ അബ്ദുല്‍അസീസ്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഡോ.ഇകെ അഹമ്മദ്കുട്ടി, എ നജീബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, അബുല്‍ഹൈര്‍ മൗലവി, ഡോ.പിഎ ഫസല്‍ഗഫൂര്‍, സിപി കുഞ്ഞിമുഹമ്മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Previous ArticleNext Article