കണ്ണൂര്‍: കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ട് അപകടത്തില്‍പ്പെട്ട് കാണാതായ സ്രാങ്കായ ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകന്‍ രാജീവന്‍ (43), കണ്ണൂര്‍ ആയിക്കരയില്‍നിന്നു പോയ ഫൈബര്‍ വള്ളത്തിലുണ്ടായിരുന്ന ആദികടലായി സ്വദേശി ഫാറൂഖ് (40) എന്നിവര്‍ക്കായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ കോസ്റ്റല്‍ പോലീസ്, ഫിഷറീസ്, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.
തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ടും കണ്ണൂര്‍ ആയിക്കരയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ഫൈബര്‍ വള്ളങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.ബുധനാഴ്ചയാണ് തമ്പുരാൻ ബോട്ട് കനത്ത തിരമാലകളില്‍പ്പെട്ടത്.ആടിയുലഞ്ഞ ബോട്ടില്‍നിന്ന് രാജീവന്‍ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.വയര്‍ലസ് സെറ്റടക്കം നഷ്‌ടപ്പെട്ടതിനാല്‍ അപകടത്തില്‍പ്പെട്ട വിവരം പുറംലോകത്തെ അറിയിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.കേടുപാടുകള്‍ സംഭവിച്ച ബോട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ആയിക്കര ഹാര്‍ബറിലാണ് എത്തിയത്.ബോട്ടിൽ അവശനിലയിൽ കണ്ടെത്തിയ തോട്ടപ്പള്ളി സ്വദേശി കമലാസന്‍ (67), കുഞ്ഞുമോന്‍ (58), ചാവക്കാട് സ്വദേശികളായ ബിജു (40), രൂപേഷ് (28), അജേഷ് (32), തമിഴ്നാട് ചിദംബരം സ്വദേശി ഗോപു (42) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയിക്കരയില്‍നിന്ന് ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ ബോട്ടിലുണ്ടായിരുന്ന ഫാറൂഖ് വള്ളത്തില്‍നിന്നു തെറിച്ച് കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി വര്‍ഗീസ് (40), ആയിക്കര സ്വദേശി മുഹമ്മദ് (38) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആയിക്കരയില്‍നിന്നു പോയ കിരണ്‍ എന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.