തിരുവനന്തപുരം:വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രോസിക്യൂട്ടറെ മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.തുടരന്വേഷണത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനമായി. തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്.പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിരോധത്തില്‍ ആക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു.കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നിരുന്നു. കേസില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനും കണ്ടെത്തിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയും കഴിഞ്ഞ ദിവസം പ്രക്ഷുബ്ദമായിരുന്നു.തുടര്‍ന്ന് സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേസ് അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളിയ മുഖ്യമന്ത്രി കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.