തിരുച്ചിറപ്പള്ളി: പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വസുകാരന്‍ വിടപറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം കുഴല്‍ക്കിണറില്‍ വീണക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരവെയാണ് രാജ്യത്തെയാകെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നത്. കിണറില്‍ നിന്ന് അഴുകിയ ദുര്‍ഗന്ധം വമിച്ചതോടെയാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിര്‍ത്തി വെച്ച് കുഴല്‍കിണറിനുള്ളില്‍ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചയോടെ പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുഞ്ഞ് ആറടിയോളം താഴേക്ക് വീണു. പിന്നീട് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീടിനടുത്തുള്ള പുരയിടത്തില്‍ കളിക്കുന്നതിനിടെ കുട്ടി കുഴല്‍ക്കിണറ്റില്‍ അകപ്പെട്ടത്. 600 മുതല്‍ ആയിരം അടി വരെ ആഴമുണ്ടെന്നു കരുതപ്പെടുന്ന കിണറില്‍, നൂറ് അടി താഴ്‌ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്.എണ്ണ കമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കല്‍ പുരോഗമിച്ചത്. മണിക്കൂറില്‍ പത്തടി കുഴിയെടുക്കാന്‍ കഴിയുന്ന യന്ത്രം കൊണ്ട മണിക്കൂറില്‍ മൂന്നടി മാത്രമാണ് കുഴിക്കാന്‍ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലായത്.കുറെയേറെ തടസ്സങ്ങളെ മറികടന്നാണ് രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നത്. എന്നാല്‍ രാജ്യത്തിന്റെയാകെ പ്രാര്‍ഥനയെ കണ്ണീരിലാഴ്ത്തി തിങ്കളാഴ്ച രാത്രിയോടു കൂടി കുഞ്ഞിന്റെ മരണവാര്‍ത്തയെത്തുകയായിരുന്നു.