തിരുവനന്തപുരം:പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരായ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യല്‍ മീഡയ. കേസില്‍ പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയുണ്ടായതാണ് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിയിലേക്ക് നയിച്ചതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനും പ്രോസിക്യൂഷനും ആഭ്യന്തര വകുപ്പിനും എതിരെയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയരുന്നത്. ‘മുഖ്യമന്ത്രി ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’- എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളുമായുള്ള കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്താണ് സോഷ്യല്‍ മീഡിയില്‍ ക്യാമ്പയിൻ നടക്കുന്നത്.കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വി. മധു, ഷിബു, എം. മധു എന്നിവരെ ഒക്ടോബര്‍ 25നാണ് കോടതി വെറുതേ വിട്ടത്.പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. കേസ് അന്വേഷിച്ച പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസ് വീഴ്ചയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സി.പി.ഐ നേതാവ് ആനി രാജയുമടക്കം രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിട്ടുണ്ട്.കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരവേ ഈ വിഷയത്തില്‍ രൂക്ഷമായി പ്രതികരിക്കുകയാണ് സമൂഹവും.