ചെന്നൈ: തമിഴ്‌നാട് തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയില്‍ ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുന്നു.26 അടി താഴ്ചയിലായിരുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയത് പ്രതിസന്ധി വര്‍ധിപ്പിച്ചു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു അപകടം നടന്നത്. കെട്ടിയടയ്ക്കാതെ ഉപേക്ഷിച്ച നിലയിലിട്ടിരുന്ന കുഴല്‍ക്കിണറില്‍ പ്രദേശവാസിയായ ബ്രിട്ടോ എന്നയാളുടെ ഇളയമകനായ സുജിത്താണ് അപകടത്തില്‍പ്പെട്ടത്.വീടിനടുത്തുതന്നെയുള്ള കിണറിന്റെ അടുത്ത് പതിവുപോലെ കളിക്കുകയായിരുന്നു കുട്ടി.എന്നാല്‍, മഴപെയ്ത് കുതിര്‍ന്ന കിണര്‍ക്കരയിലെ മണ്ണിടിഞ്ഞതോടെ കിണറിനുള്ളിലേക്കുവീണ കുട്ടി 26അടി താഴ്ചയില്‍ കുടുങ്ങിക്കിടന്നു. ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കിണറിന് സമീപം സമാന്തര കിണര്‍ കുഴിച്ച് കുട്ടിയെ രക്ഷപ്പെടുത്താന്‍ ഇന്നലെ രാത്രി നടത്തിയ ശ്രമം പത്തടി താഴ്ചയില്‍ പാറയുള്ളതിനാല്‍ പരാജയപ്പെട്ടിരുന്നു. കുഴല്‍ക്കിണറില്‍ വീണ കുട്ടികളെ പുറത്തെടുക്കാന്‍ സഹായകമാവുന്ന അത്യാധുനികയന്ത്രവുമായി ഒരു സംഘം മധുരയില്‍ നിന്ന് എത്തിയിരുന്നു. ഈ ശ്രമം നടക്കുന്നതിനിടെ 26 അടിയില്‍ നിന്ന് കുട്ടി 68 അടിയിലേക്ക് വീണു.13 മണിക്കൂറിലധികമായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.കുട്ടി കൈ ചലിപ്പിച്ചിരുന്നതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതോടെ മെഡിക്കല്‍ സംഘം കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ട്. സി.സി.ടി.വി. ക്യാമറവഴി കുട്ടിയുടെ നില തത്സമയം അധികൃതര്‍ നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ് മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിച്ചത്.