തിരുവനന്തപുരം:മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ക്യാര്‍’എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്.വെള്ളിയാഴ്ച പകല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബയില്‍ നിന്ന് 370 കിലോമീറ്റര്‍ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിലോമീറ്റര്‍ ദൂരത്തിലുമായിരുന്നു ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്.തുടര്‍ന്നുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശമാറി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല.എന്നാല്‍, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും കർശന നിർദേശമുണ്ട്.ഒക്ടോബര്‍ 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. കേരള തീരത്ത് 3.0 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.അടുത്ത 48 മണിക്കൂറില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടകതീരം, വടക്ക് കിഴക്ക് അറബിക്കടല്‍ ഇതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോകരുത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മത്സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് ജില്ലാഭരണകൂടത്തിനും ഫിറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ക്യാര്‍’ ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.