Kerala, News

കൂടത്തായി കൊലപാതകം;ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിതീകരണം

keralanews confirmed that the powder found from jollys car was cyanide

കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സയനൈഡ് കണ്ടെത്തിയത്.സിലിയെ കൊല്ലാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് ആണിത് എന്നാണ് റിപ്പോര്‍ട്ട്.ബുധനാഴ്ചയാണ് മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും വെളുത്ത പൊടി കണ്ടെത്തിയത്.ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടില്‍ നിന്നുമാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ കാറിലാണ് വിഷം സൂക്ഷിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍ സീറ്റിന് അടുത്തായി രഹസ്യഅറയിലെ പഴ്‌സില്‍ നിന്നുമാണ് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയത്. കാറിനുള്ളിലാണ് താന്‍ സയനൈഡ് സൂക്ഷിച്ചിരുന്നതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു.ജോളി നടത്തിയ കൊലപാതകങ്ങളില്‍ ഒന്ന് കാറിനുള്ളില്‍ വെച്ചാണ് നടത്തിയത് എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. നിലവില്‍ കാറിനുള്ളില്‍ നിന്ന് ലഭിച്ചത് സയനൈഡ് എന്ന് സ്ഥിരീകരിച്ചത് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ തെളിവാകും.

അതേസമയം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുള്‍പ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.രാവിലെ വടകരയില്‍ നിന്ന് കൂടത്തായിയിലെത്തിച്ച ജോളിയെ ആദ്യം ഭര്‍തൃവീടായ പുലിക്കയത്തേക്കാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.ഇവിടെ ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഒന്നിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. പുലിക്കയത്തെ തെളിവെടുപ്പിന് ശേഷം നേരെ പൊന്നാമറ്റത്തെ വീട്ടിലേക്കാണ് പോയത്. പൊന്നാമറ്റത്തെ വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് ഉള്‍പ്പെടെ അന്വേഷണസംഘത്തിന് ജോളി കാണിച്ച്‌കൊടുത്തു.തുടര്‍ന്ന് പൊന്നാമറ്റത്തുനിന്നും താമരശേരിയിലെ ദന്താശുപത്രിയിലേക്ക്. താമരശേരി ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ഉച്ച ഭക്ഷണത്തിന് ശേഷം വീണ്ടും തെളിവെടുപ്പിനായി പുറത്തേക്ക്.സിലിക്ക് നല്‍കാനായി അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി തീരും മുന്‍പ് ജോളിയെ കട്ടപ്പനയിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും.

Previous ArticleNext Article