കൊച്ചി:ബിഷപ്പ് ഫ്രാങ്കോ അനുയായികളെ വെച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയും യൂട്യൂബ് ചാനല്‍ ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പരാതിക്കാരിയായ കന്യാസ്ത്രീ.ഇത് സംബന്ധിച്ച് ദേശീയ, സംസ്ഥാന വനിതാകമ്മീഷനുകൾക്ക് കന്യാസ്ത്രീ പരാതി നല്‍കി.നേരത്തേ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഭീഷണിപ്പെടുത്തി തുടങ്ങി എട്ടിലധികം കേസുകള്‍ ഫ്രാങ്കോയ്ക്ക് എതിരേ പോലീസ് എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലാണെന്നും ആരോപിച്ചിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ഫ്രാങ്കോ അനുയായികളെ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്. അനുയായികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കേസില്‍ നിന്നും പിന്തിരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്നു.ബിഷപ്പിന്റെ അനുയായികളുടെ ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു. ആക്ഷേപം മാനസീകമായി തകര്‍ക്കുന്നതിനാല്‍ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയ കാലം മുതല്‍ ഭീഷണിപ്പെടുത്തലും അപമാനിക്കാനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.
പീഡനക്കേസില്‍ അടുത്തമാസം 11 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഗീയ വിദ്വേഷം ഉള്‍പ്പെടെ ഉണ്ടാക്കാന്‍ ഇവരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രീ പറയുന്നു. മനുഷ്യാവകാശ കമ്മീഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.ഫ്രാങ്കോ കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിന്റെ നാള്‍വഴികളില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരെയുള്ള കേസുകളാണിത്. എന്നാല്‍ ഫാ. ജെയിംസ് എര്‍ത്തയിലിന്റെ കേസുള്‍പ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.