കോട്ടയം:പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ പതിച്ച് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു.മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.അപകടത്തിന് കാരണം അശ്രദ്ധയും വേണ്ടത്ര സുരക്ഷ ഒരുക്കാതിരുന്നതുമാണെന്ന് കോട്ടയം ആര്‍ഡിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാന കായിക വകുപ്പും ഇതേ നിഗമനത്തിലാണ് എത്തിയത്. ഒക്ടോബര്‍ 4നാണ് അപകടം നടന്നത്.പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വൊളണ്ടിയറായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. ജാവലിന്‍ മത്സരത്തില്‍ സഹായിയായി നില്‍ക്കുകയായിരുന്നു അഫീല്‍. ജാവലിന്‍ കോര്‍ട്ടിന് സമാന്തരമായിത്തന്നെ ഈ സമയം ഹാമര്‍ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ ഒരു മത്സരാര്‍ഥി എറിഞ്ഞുകഴിഞ്ഞയുടനെ അകലെ നില്‍ക്കുകയായിരുന്ന അഫീല്‍ ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനായി മൈതാനത്തേക്ക് ഓടിവന്നു.ഹാമര്‍ കോര്‍ട്ട് മുറിച്ചാണ് അഫീല്‍ വന്നത്. ഈ സമയം ഒരു മത്സരാര്‍ഥി എറിഞ്ഞ ഹാമർ അഫീലിന്റെ തലയിൽ പതിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അഫീൽ കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍.വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്.