തിരുവനന്തപുരം:കനത്ത മഴയിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.സമാധാനപരമായ വോട്ടെടുപ്പിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. 24നാണ് വോട്ടെണ്ണല്‍.അതേസമയം കനത്തമഴ മൂലം മിക്ക ബൂത്തുകളിലും തിരക്ക് കുറവാണ്. എറണാകുളത്തും അരൂരിലും കോന്നിയിലും പുലര്‍ച്ചെമുതല്‍ കനത്തമഴയാണ്. വെള്ളക്കെട്ടും വൈദ്യുതിബന്ധം തകറാറിലായതും ചില ബൂത്തുകളെ ബാധിച്ചു.കനത്ത മഴ കാരണം എറണാകുളത്ത് അയ്യപ്പന്‍കാവ് ശ്രീനാരായണ സ്കൂളിലെ 64 ആം നമ്പർ ബൂത്ത് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കടേരിബാഗിലും വെള്ളക്കെട്ടിനെ തുടര്‍ന്ന് ബൂത്ത് മാറ്റി. എറണാകുളത്ത് വെള്ളം കയറിയ പോളിങ് സ്റ്റേഷനുകളിലെത്തുന്ന വോട്ടര്‍മാര്‍ക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സഹായമെത്തിക്കും. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്തെ വോട്ടെടുപ്പില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു. മഴയുള്ള സ്ഥലങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണ്. ആവശ്യമെങ്കില്‍ വോട്ടെടുപ്പിന്റെ സമയം നീട്ടി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.